സബ്സിഡി ഗ്യാസ്: സിലിണ്ടര്‍ 12 ആക്കണമെന്നും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി

Webdunia
വ്യാഴം, 16 ജനുവരി 2014 (16:46 IST)
PRO
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം പന്ത്രണ്ടാക്കണമെന്നും സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ തല്‍ക്കാലം നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

സബ്‌സിഡി സിലിണ്ടറുകളുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നത് മുന്‍‌കൂട്ടി കണ്ടാവാം കോണ്‍ഗ്രസ് നേതൃത്വം പെട്രോളിയം മന്ത്രാലയത്തിന്റെയും എണ്ണ കമ്പനികളുടെയും നിലപാടുകളെ തള്ളിയിരിക്കുന്നതെന്നാണ് നിരീക്ഷണം.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആയി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് തത്ക്കാലം നടപ്പാക്കേണ്ടെന്നും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തില്ലെന്നും ആധാര്‍ കാര്‍ഡില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടായിരുന്നു പെട്രോളിയം മന്ത്രാലയം ഇതുവരെ.
കോര്‍കമ്മിറ്റിയില്‍ എടുത്ത തീരുമാനം വൈകാതെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

സബ്‌സിഡി സിലിണ്ടര്‍ 12 ആയി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.