സ്പിരിറ്റ് പോലെ, അയാള്‍ക്ക് എല്ലാം ലഹരിയായിരുന്നു!

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (15:32 IST)
PRO
ഒരിടത്ത് ഒതുങ്ങിക്കൂടുന്നവനല്ല രഘുനന്ദന്‍. അയാള്‍ ചിത്രശലഭത്തേപ്പോലെ പാറിക്കളിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ജീവിതത്തെ നിരന്തരം പറിച്ചുനട്ടു. ആദ്യം അയാള്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. നമ്മുടെ നാട്ടിലൊന്നുമല്ല, ലണ്ടനിലും കെയ്‌റോയിലും മറ്റും. എന്നാല്‍ അവിടെ കടിച്ചുതൂങ്ങാന്‍ അയാളുടെ മനസ് അനുവദിച്ചില്ല. ബാങ്ക് ജോലിയൊക്കെ വലിച്ചെറിഞ്ഞ് അയാള്‍ പത്രപ്രവര്‍ത്തകനായി.

ഡല്‍ഹിയിലും മുംബൈയിലും കുറേക്കാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തപ്പോള്‍ അതും മടുത്തു. ഇനി ഒരു നോവലെഴുതാമെന്ന് തീരുമാനിച്ചു. ഒരു ഇംഗ്ലീഷ് നോവല്‍. പേര് ‘സ്പിരിറ്റ്’. എഴുത്തിന് ലഹരിപകരാന്‍ സ്പിരിറ്റ് ഉത്പന്നങ്ങളുടെ ഒരു ശേഖരം തന്നെ അയാള്‍ വീട്ടില്‍ സൂക്ഷിച്ചു. അതിന് കമ്പനി കൂടാനായി ക്യാപ്ടന്‍ നമ്പ്യാരെയും രഘുനന്ദന്‍ കൂട്ടി.

ക്യാപ്ടന്‍ നമ്പ്യാര്‍ മാത്രമല്ല. മീരയും ഭര്‍ത്താവ്‌ അലക്സിയും രഘുനന്ദന്‍റെ സുഹൃത്തുക്കളാണ്. ഈ മീര ആരാണെന്നാ കരുതിയത്? ഒരിക്കല്‍ അവള്‍ രഘുനന്ദന്‍റെ ഭാര്യയായിരുന്നു. ഇപ്പോള്‍ രഘുനന്ദന്‍ ഏകന്‍. ഒറ്റപ്പെട്ട ഒരു തുരുത്ത്. കുറച്ച് സുഹൃത്തുക്കളാല്‍ വലയപ്പെട്ട് കിടക്കുന്നു എങ്കിലും, ഏകന്‍ തന്നെ.

അങ്ങനെ ഒറ്റപ്പെട്ട രഘുനന്ദന്‍റെ ജീവിതത്തിലേക്കാണ് പെട്ടെന്നൊരുനാള്‍ പ്ലംബര്‍ മണിയന്‍ എന്ന സാധാരണക്കാരന്‍ വന്നുകയറുന്നത്. അതോടെ രഘുനന്ദന്‍റെ ജീവിതം മാറിമറിഞ്ഞു.

രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന സിനിമയുടെ കഥാപശ്ചാത്തലമാണിത്. മോഹന്‍ലാലാണ് രഘുനന്ദന് ജീവന്‍ പകരുന്നത്. ക്യാപ്ടന്‍ നമ്പ്യാരായി മധു എത്തുന്നു. മീരയായി കനിഹയും അവളുടെ ഭര്‍ത്താവ് അലക്സിയായി ശങ്കര്‍ രാമകൃഷ്ണനും അഭിനയിക്കുന്നു. പ്ലംബര്‍ മണിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നന്ദുവാണ്. മേസ്തിരി എന്ന കഥാപാത്രമായി തിലകനുമുണ്ട്.

ഷഹബാസ്‌ അമന്‍റെ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് റഫീഖ് അഹമ്മദ്‌. ഛായാഗ്രഹണം വേണു. ആശീര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് സ്പിരിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വെറും 31 ദിവസങ്ങള്‍ കൊണ്ടാണ് സ്പിരിറ്റിന്‍റെ ചിത്രീകരണം രഞ്ജിത് പൂര്‍ത്തിയാക്കിയത്.