ജയറാം നായകനായ പുതിയ സിനിമ മൈലാഞ്ചി മൊഞ്ചുള്ള വീട് സൂപ്പര്‍ഹിറ്റായി മാറുകയാണ്. ആദ്യദിനങ്ങളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീട് കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വന്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം ജയറാമിനും ആസിഫ് അലിക്കും നേട്ടമാകുകയാണ്.
പരാജയങ്ങളുടെ നടുവില്‍ നിന്നിരുന്ന ജയറാമിന് തന്നെയാണ് മൈലാഞ്ചി മൊഞ്ചുള്ള വീടിന്‍റെ മഹാവിജയം വലിയ ആശ്വാസമാകുന്നത്. ജയറാമിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇത്രയും വലിയ താരനിരയുള്ള ഒരു കുടുംബചിത്രം അടുത്തകാലത്തെങ്ങും വന്നിട്ടില്ല എന്നതും ഗംഭീരമായി ചിത്രീകരിച്ച ഗാനരംഗങ്ങളുമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
ഈ സിനിമയും കോടികളുടെ കിലുക്കം കേള്‍പ്പിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തില്‍ വാണിജ്യസിനിമയുടെ രാജാക്കന്‍മാരായി ഉദയ്കൃഷ്ണയും സിബി കെ തോമസും മാറിയിരിക്കുന്നു. നവാഗത സംവിധായകനായ ബെന്നി തോമസ് ഒരു ബോളിവുഡ് ചിത്രത്തിന്‍റെ നിറപ്പകിട്ടോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
മൊത്തം ആറുകോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മൈലാഞ്ചി മൊഞ്ചുള്ള വീട് 55 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. അതില്‍ 40 ദിവസവും ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിലായിരുന്നു.