ഖസാക്കിന്‍റെ ഇതിഹാസം! മലയാള സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ നിര്‍മ്മിതി. ഒ വി വിജയന്‍ എന്ന എഴുത്തുകാരനെ മലയാളികള്‍ ഹൃദയത്തിലേക്ക് ആവാഹിച്ചത് ഖസാക്കിലൂടെയാണ്. ഈ നോവല്‍ സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പല കൊമ്പന്‍മാരും വന്നു. തോറ്റുമടങ്ങി. ഒടുവില്‍ ശ്യാമപ്രസാദും എത്തി. അദ്ദേഹവും ഖസാക്കിന്‍റെ വലിപ്പം കണ്ട് പരാജയം സമ്മതിച്ച് പിന്‍വാങ്ങി.
ഖസാക്കിന്‍റെ ഇതിഹാസം സിനിമയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? രഞ്ജിത്തിന് കഴിയുമോ? ‘പാലേരിമാണിക്യം’ എടുത്തയാളല്ലേ? എന്നാല്‍ പാലേരിമാണിക്യം പോലെയല്ല ഖസാക്ക് എന്ന് വ്യക്തമായറിയാവുന്ന രഞ്ജിത്തും അങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നില്ല.
ഇപ്പോള്‍ പരക്കുന്ന ഒരു വാര്‍ത്ത കേട്ടോ?
വി കെ പ്രകാശ് ഖസാക്കിന്‍റെ ഇതിഹാസം സ്ക്രീനിലേക്ക് പകര്‍ത്താന്‍ പോകുന്നു എന്ന്. നെറ്റില്‍ വാര്‍ത്ത സൂപ്പര്‍ഹിറ്റാണ്. ആരൊക്കെയാണ് താരങ്ങള്‍? ആരാണ് സംഗീതം - ഇങ്ങനെയൊക്കെ ചര്‍ച്ചകളും ഊഹിച്ചുണ്ടാക്കലുകളും നടക്കുന്നു.
രവിയായി മമ്മൂട്ടി അഭിനയിക്കുമോ എന്നുവരെ ചോദ്യങ്ങള്‍ വരുന്നു. ഖസാക്കിലെ രവിയാകാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്.
എന്തായാലും വി കെ പ്രകാശ് ഈ വാര്‍ത്തയെപ്പറ്റി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അല്ലെങ്കില്‍ തന്നെ താനറിയാതെ തന്‍റെ പേരില്‍ പല പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെടുന്നു എന്ന് പരാതി പറയുന്ന ആളാണ്. ഇനി ഖസാക്കിന്‍റെ ഇതിഹാസം വരുന്നു എന്നതും അങ്ങനെ ആരെങ്കിലും പടച്ചുണ്ടാക്കിയതാണോ? സത്യം വി കെ പിക്ക് മാത്രമറിയാം!