ലളിതാംബികയുടെ ചെറുകഥകളിലൂടെ

Webdunia
മലയാള ചെറുകഥയില്‍ 1930 കളോടെ രൂപപ്പെട്ട ഭാവുകത്വപരമായ നവീകരണത്തിന്‍റെ മുന്നണിയില്‍ നിന്ന കഥാകൃത്താണ് ലളിതാംബിക അന്തര്‍ജ്ജനം. ചെറുകഥാ രംഗത്ത്- അല്ല, മലയാള സാഹിത്യത്തില്‍ ആകെത്തന്നെ-ശ്രദ്ധേയമായി ഉയര്‍ന്നു കേട്ട ആദ്യ സ്‌ത്രീ സ്വരം അവരുടേതാണ്.

അതിനു മുമ്പും മലയാളത്തില്‍ സാഹിത്യകാരികള്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്‌ത്രീയുടെ സ്വത്വസാന്നിദ്ധ്യം ആദ്യം പ്രകടമായത് അന്തര്‍ജ്ജനത്തിന്‍റെ ചെറുകഥകളിലാണ്. അന്നോളം അടുക്കളയുടെ ഇരുളില്‍ കഴിയേണ്ടി വന്ന നമ്പൂതിരി സ്‌ത്രീകളില്‍ നിന്ന് സാഹിത്യത്തിന്‍റെ പൊതു മണ്ഡലത്തിലേക്ക് കടന്നു വന്ന ആദ്യ പ്രതിനിധിയാണവര്‍.

ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രഥമപാദം കഴിയുന്നതോടെ കേരളത്തില്‍ സജീവമായ നവോത്ഥാന അന്തരീക്ഷത്തിലാണ് വിടി ഭട്ടതിരിപ്പാടും കൂട്ടരും നമ്പൂതിരി സമുദായത്തിന്‍റെ ആചാരജീര്‍ണ്ണതയുടെ ബലിയാടുകളായ അന്തര്‍ജ്ജനങ്ങളുടെ ദുരന്തത്തെ കഥയിലൂടെയും നാടകങ്ങളിലൂടെയും പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

അങ്ങനെ വെളിപ്പെട്ട ജീവിതാവസ്ഥയെ സ്‌ത്രീയെന്ന സ്‌ത്രീയെന്ന നിലയില്‍ ലഭിച്ച നേരിട്ടുള്ള അനുഭവങ്ങളുടെ ലഭിച്ച നേരിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തീക്ഷ്‌ണതയോടെ ലളിതാംബിക അന്തര്‍ജ്ജനം ആവിഷ്‌കരിച്ചു. ആ ചെറുകഥയില്‍ ഒരു പ്രത്യേക സമുദായവസ്ഥയുടെ ദു:സ്ഥിതി മാത്രമല്ല മൂര്‍ത്തമായത്; അതിന്‍റെ ട്രാഡജി മുഴുവന്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന സ്‌ത്രീ ജീവിതം കൂടിയാണ്.

സാമുദായിക നവോത്ഥാനത്തില്‍ നിന്ന് സാമൂഹിക പരിവര്‍ത്തനത്തിലേക്കും രാഷ്‌ട്രീയ ജാഗ്രതയിലേക്കും പാരിസ്ഥിതികാവബോധത്തിലേക്കും പ്രമേയങ്ങള്‍ പടര്‍ന്നു ചെല്ലുന്നു. നമ്പൂതിരി സ്‌ത്രീയുടെ ആജന്മദു:ഖങ്ങളും അതിനു കാരണമായ വ്യവസ്ഥിതിയോടുള്ള തീവ്രപ്രതിഷേധവും കീഴാള ജീവിതത്തിലെ യാതനകളും നിഷ്‌കളങ്കമായ സ്‌നേഹാഭിമുഖ്യങ്ങളും ആദ്യ കാലത്തെ ചെറുകഥകളില്‍ ഹൃദയ സ്‌പര്‍ശിയായി അവതരിപ്പിക്കപ്പെട്ടു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ ചെറുകഥകളില്‍ അഗാധശൃതിയാകുന്നു. മനുഷ്യ ലോകം മാത്രമല്ല ജന്തു ലോകവും അവരുടെ കഥകള്‍ക്കു വിഷയമായിട്ടുണ്ട്. പ്രകൃതിയിലെ സൃഷ്‌ടികളിലെല്ലാം വര്‍ത്തിക്കുന്ന സൂക്ഷ്‌മ സാഹോദര്യത്തെക്കുറിച്ചുള്ള ധാരണകളും അതിലുണ്ട്.

ദീര്‍ഘവും സഫലവുമായ സാഹിത്യ ജീവിതമായിരുന്നു അന്തര്‍ജ്ജനത്തിന്‍റേത്. സ്‌നേഹാര്‍ദ്രവും മാതൃഭാവനിര്‍ഭരവുമായ അവരുടെ സര്‍ഗാത്മകതയുടെ നിത്യ സ്‌മാരകങ്ങള്‍ അഗാധമായ ജീവിതാഭിരതിയും സാന്ദ്രമായ ശില്‍പ്പഭംഗിയും സമന്വയിക്കുന്ന ചെറുകഥകളാണ്.