ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്ന പ്രസ്താവനയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തന്റെ രാഷ്ട്രീയ ചിന്താഗതിയെ കുറിച്ച് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ‘ഇടതുപക്ഷവുമായി സഹകരിക്കുമോ‘ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാനുള്ളത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ചില സൂചനകള്‍ മാത്രമാണ് കമല്‍ഹാസന്‍ നല്‍കിയത്.
'നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍ നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.' - എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അതെസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ചുനടന്ന കൂടിക്കാഴ്‌ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം കൂടിയാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മനസിലാക്കാനുള്ള സന്ദർഭമാണിത്. കഴിഞ്ഞ ഓണത്തിനുതന്നെ ഇവിടേക്കു വരാനിരുന്നതാണ്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയത്. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും കമൽ പറഞ്ഞു.
തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമൽഹാസൻ എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. മനസുവച്ചാൽ താൻ നായകനാകും എന്ന ട്വീറ്റിലെ പ്രയോഗമാണ് ചൂടുള്ള ചർച്ചയ്ക്കു വഴിവച്ചത്. രാഷ്ട്രീയത്തിലിറങ്ങാന്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം.
പിണറായി വിജയനും ഇടതുസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കമല്‍ഹാസന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും കമല്‍ഹസന്റെ പ്രസ്‌താവന ഉള്‍പ്പെടുത്തിയിരുന്നു.
ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമല്‍ഹാസന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് താരവും രംഗത്തെത്തിയിരുന്നു.
കവര്‍ച്ചക്കാരെ കൈക്കൂലിനല്‍കി വോട്ട് വാങ്ങി അധികാരത്തിലെത്താന്‍ അനുവദിച്ചു. അത് നിങ്ങള്‍ ചെയ്ത തെറ്റാണ്. അത് മാറ്റി മറിക്കണം കമല്‍ഹാസന്‍
തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അടുത്തിടെ കമല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം.