കഴിഞ്ഞ ദിവസം ഗുരുവായൂരപ്പനെ സാക്ഷിയാക്കി കല്യാണം കഴിച്ച പെണ്‍കുട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ വെച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് വന്‍ വാര്‍ത്തയായിരുന്നു. ‘പോകണമായിരുന്നെങ്കില്‍ കല്യാണത്തിന് മുന്നേ പെണ്ണിന് പോകാമായിരുന്നു’ എന്നായിരുന്നു പലരും പറഞ്ഞത്. ഇതല്‍പ്പം കൂടിപ്പോയില്ലെ എന്ന് ചോദിക്കുന്നവരും ഉണ്ട്. തേച്ചിട്ട് പോയ പെണ്ണിനെ ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ചെറുക്കന്മാരുടെ കാലമൊക്കെ പോയെന്ന് വ്യക്തമാക്കുകയാണ് ഷിജില്‍ എന്ന ചെറുപ്പക്കാരന്.
‘തേപ്പ്കാരി’ പോയതിന്റെ സന്തോഷം റിസപ്ഷന് മുറിക്കാന്‍ വെച്ച കേക്ക് മുറിച്ച് ഷിജിലും കുടുംബക്കാരും ആഘോഷിച്ചു. എത്ര അപമാനങ്ങള്‍ ഉണ്ടായാലും സാധാരണ ജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. ഇക്കാര്യം ഷിജില്‍ തന്നെ വാടസ്പ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് വ്യക്തമാക്കിയിട്ടൂമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താലികെട്ട് കഴിഞ്ഞ് കതിര്മണ്ഡപത്തിന് വലം വെക്കുമ്പോള്‍ വധു വരനോട് പറഞ്ഞത് ‘ഞാന്‍ നിന്റെ കൂടെ വരുമെന്ന് കരുതേണ്ട എന്നെ കൊണ്ട് പോകാന്‍ എന്റെ കാമുകന് ഇതാ നില്ക്കുന്നു‘ എന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചുകൊടുക്കുകയായിരുന്നു.
ആകെ തളർന്നുപോയ വരൻ വിവരം ബന്ധുക്കളെ അറിയിച്ചതോടെ ബന്ധുക്കൾ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വധു വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമായി. വിവരമറിഞ്ഞതിനെ തുടർന്ന് ടെമ്പിൾ സി.ഐ സുനിൽ ദാസും സംഘവും എത്തി ഇരു കക്ഷികളെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ ഇഷ്ടമല്ലാത്ത വിവാഹത്തിന് വഴങ്ങിയതെന്ന് വധു പോലീസിനെ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വരന്റെ ബന്ധുക്കൾ പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എങ്കിലും വരന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വധുവിന്റെ ബന്ധുക്കൾ തലയൂരി.