പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഎസിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പിണറായി പറഞ്ഞു. നിലപാടുമാറ്റത്തിന്റെ പേരില്‍ വിഎസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്തിനാണ്? വിഎസിന്റെ നിലപാടു മാറ്റം പാര്‍ട്ടി ഓഫര്‍ ഉള്ളതു കൊണ്ടാണ് എന്നത് അപവാദപ്രചരണമാണെന്നും പിണറായി പറഞ്ഞു.
ഈ രീതിയിലുള്ള ആക്രമണങ്ങള്‍ക്കൊന്നും വി എസിനെയോ പാര്‍ട്ടിയെയോ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം നിരവധി ആക്രമണങ്ങളെ നേരിട്ട് കടന്നുവന്നിട്ടുള്ളയാളാണ് വി എസ്. അദ്ദേഹത്തിനെതിരായ ആക്രമണങ്ങളെ അദ്ദേഹത്തിന്‍് ചുറ്റും നിന്ന് പാര്‍ട്ടി പ്രതിരോധിക്കും - പിണറായി വ്യക്തമാക്കി.
മനോരമ ന്യൂസിന്‍റെ ‘നേരേ ചൊവ്വേ’ എന്ന പരിപാടിയിലാണ് പിണറായി വിജയന്‍ വി എസിനുവേണ്ടി ശക്തമായി വാദിക്കുന്നത്. ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ ഒളിച്ചുകളിക്കുകയാണെന്നും എല്ലാത്തിനും ചന്ദ്രചൂഢന്‍ മൂകസാക്ഷിയാണെന്നും പിണറായി ആരോപിച്ചു.
പാര്‍ലമെന്‍ററി അവസരവാദത്തിന്‍റെ മൂര്‍ത്തീമദ്ഭാവമാണ് എന്‍ കെ പ്രേമചന്ദ്രന്‍ എന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണയും ആര്‍ എസ് പി മത്സരിക്കാത്ത മണ്ഡലമാണ് കൊല്ലം. ഇത്തവണ, തനിക്ക് സീറ്റ് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താലാണ് യു ഡി എഫുമായി കരാറിലേര്‍പ്പെടാന്‍ പ്രേമചന്ദ്രന്‍ തയ്യാറായതെന്നും ഈ അഭിമുഖത്തില്‍ പിണറായി വിജയന്‍ ആരോപിക്കുന്നു.