റാഗിംഗിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിക്ക് ഇരുമ്പുകമ്പികൊണ്ട് മര്‍ദ്ദനം; കാഴ്ച നഷ്‌ടമായി

Webdunia
വെള്ളി, 6 ഫെബ്രുവരി 2015 (13:24 IST)
റാഗിംഗിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇരുമ്പുകമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്‌ടമായി. എം ഇ എസ് കല്ലടി കോളജിലെ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‌സിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ആക്രമണത്തില്‍ കാഴ്ച നഷ്‌ടമായത്. ഒറ്റപ്പാലം അമ്പലപ്പാറ ചുനങ്ങാട് ചേക്കുമുസ്‌ല്യാരകത്ത് സ്വദേശിയാണ് മുഹമ്മദ് മുഹ്‌സിന്‍ . 
 
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് നടത്തിയതിനെ മുഹ്‌സിന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ്, മുഹ്‌സിനെ ആക്രമിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം കോളജ് പരിസരത്തു വെച്ച് 'മൂപ്പന്‍സ് ഗ്രൂപ്പ്' എന്ന പേരിലറിയപ്പെടുന്ന ഒരു സംഘം വിദ്യാര്‍ഥികളാണ് മുഹ്‌സിനെ ആക്രമിച്ചത്.
 
കല്ല്, ഇരുമ്പുകമ്പിയുടെ വടി എന്നിവയുമായാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുഹ്‌സിനെ ആക്രമിച്ചത്. ഇരുമ്പുകമ്പി കൊണ്ട് അടിയേറ്റ വിദ്യാര്‍ഥിയെ ഉടന്‍തന്നെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധപരിശോധനയിലാണ് ഇടതുകണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചത്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
 
സംഭവവുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികളായ നൗഫല്‍ , ഷാനില്‍ , സുഹൈല്‍ , റിഷാന്‍ ‍, ജൗഹര്‍ ‍, ജാബില്‍ , ആഷിഫ്, അനസ് തുടങ്ങിയവരെ പ്രതിചേര്‍ത്ത് പൊലീസ് ആക്രമണത്തിനും വധശ്രമത്തിനും കേസെടുത്തു.