എഴുത്തുകാരൻ ബെന്യാമിനു വെള്ളിയാഴ്ച ഒരു അതിഥി ഉണ്ടായിരുന്നു. അദ്ദേഹം എഴുതിയ നോവലിലെ കഥാപാത്രത്തിനു എന്താണ് പറ്റിയതെന്ന് അറിയാനെത്തിയ അനൂപെന്ന ചെറുപ്പക്കാരനായിരുന്നു ബെന്യാമിന്റെ അതിഥി.
തന്റെ നോവലിലെ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് നേരിട്ട് ചോദിക്കാനെത്തിയ വായനക്കാരനേക്കുറിച്ച് ബെന്യാമിൻ തന്നെയാണ് വെളിപ്പെടുത്തിയത്. ഫെയ്‌സ്ബുക് പേജിലൂടെയായിരുന്നു ബെന്യാമിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വായനക്കാരനൊപ്പം നില്‍ക്കുന്ന സെല്‍ഫിയും ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്ന് അതികാലത്ത് പല്ലു തേച്ചുകൊണ്ട് നില്‌ക്കുമ്പോൾ ഒരു ബെല്ലടി. ചെന്നു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. ഇന്നലെ രാത്രിയാണ് മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു തീർത്തത്. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ബൈക്കെടുത്ത് പുറപ്പെട്ടു എന്നു പറഞ്ഞു. അന്ത്രപ്പേറിനു പിന്നെ എന്തു സംഭവിച്ചു എന്നാണ് ആ പയ്യന് -അനൂപ് - അറിയേണ്ടത്. അന്ത്രപ്പേർ അടുത്തിടെ മരണപ്പെട്ടു എന്ന് ഇന്നലെ രാത്രി ആരോ പറഞ്ഞു കൊടുത്തു അത്രേ. അത് ഫിക്‌ഷൻ മാത്രമാണെന്ന് പറഞ്ഞപ്പോൾ അവൻ കൂടുതൽ നിരാശനായതു പോലെ. സത്യവും ഫിക്‌ഷനും തമ്മിൽ തിരിച്ചറിയാനാവാതെ ആകെ ആടിയുലഞ്ഞാണ് അവൻ മടങ്ങിയത്.
Anoop, dearest reader enjoy the beauty of fiction..