പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് എന്തേ മോദിക്ക് മൗനം? ഗുജറാത്ത് നിരക്ഷരരുടെ നാടായി തുടരുന്നത് എന്ത്കൊണ്ട്? : എം ബി രാജേഷ് എംപി

Webdunia
വെള്ളി, 6 മെയ് 2016 (17:22 IST)
ഇടത്-വലത് മുന്നണികൾ കേരളത്തിന്റെ പുരോഗതിയ്ക്കായി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സി പി എം നേതാവും എം പിയുമായ എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് രാജേഷ് മറുപടിയുമായി രംഗത്തെത്തിയത്. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാഗമായി കേരളത്തിലെത്തിയ മോദി, പാലക്കാട് നടത്തിയ പ്രസംഗത്തിലാണ് ഇരുമുന്നണികളും കേരളത്തെ ഭരിച്ച് മുടിച്ചെന്ന ആരോപണം ഉന്നയിച്ചത്.
 
പാലക്കാട്ടെ പൊതുയോഗം കഴിഞ്ഞ ഉടനെയാണ് മോദിക്ക് മറുപടിയുമായി എം ബി രാജേഷ് രംഗത്തെത്തിയത്. 
 
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
പാലക്കാടും കേരളത്തിലും കൃഷി തകർന്നു എന്നു മോദി .
കർഷകർക്ക് ഉൽപ്പാദന ചെലവും അതിന്റെ പകുതിയും ചേർത്ത് താങ്ങുവില നിശ്ചയിക്കും എന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്വന്തം പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് എന്തേ മോദിക്ക് മൗനം? നാല് ശതമാനം പലിശക്ക് കൃഷിക്കാർക്ക് വായ്പ ഉറപ്പാക്കണമെന്ന സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ നടപ്പാക്കത്തതെന്തേ?
 
റബ്ബർ വിലയിടിവിനെക്കുറിച്ചും ഒരക്ഷരം പറഞ്ഞില്ലല്ലോ? റബ്ബർ അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചക്ക് കാരണമായ ആസിയാൻ കരാറിൽ നിന്ന് പിൻമാറുന്നതിനു പകരം യൂറോപ്യൻ യൂണിയനുമായി വീണ്ടം സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻപോകുന്നത് മോദി സർക്കാരല്ലേ? അടിക്കടി പെട്രോൾ-ഡീസൽ-പാചക വാതക - മണ്ണെണ്ണ വില കൂട്ടുന്നതിനെക്കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ലല്ലോ?
 
കേരളത്തിലടക്കം തൊഴിലുറപ്പു തൊഴിലാളികൾക്ക് കൊടുക്കാനുളള കോടിക്കണക്കിന് രൂപയുടെ കൂലി കുടിശ്ശികയെക്കുറിച്ചും മിണ്ടാട്ടമില്ലേ? (അട്ടപ്പാടിയിൽ മാത്രം തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള കൂലി കുടിശ്ശിക ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാൽപത്തിയെട്ടായിരം രൂപയാണ്.) പ്ലാച്ചിമടയിലെ ജനങ്ങൾക്ക് കൊക്കകോളയിൽ നിന്ന് 216 കോടി ത്ര പ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നിയമം തന്റെ സർക്കാർ തിരിച്ചയതിനെക്കുറിച്ച് ഈ കൊടും വരൾച്ചക്കിടയിലും മോദി മറന്നതെന്തേ?
 
മണ്ണ് വെള്ളം എന്നൊക്കെ പറഞ്ഞു നടക്കുന്ന കുമ്മനം പ്ലാച്ചിമട ബില്ല് തിരിച്ചയച്ച കാര്യം ഓർമ്മിപ്പിക്കേണ്ടിയിരുന്നില്ലേ? പുറ്റിങ്ങൽവെടിക്കെട്ടു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന തന്റെ സർക്കാരിന്റെ നിലപാടിനെക്കുറിച്ചും മോദിക്ക് മൗനമോ?
സഹകരിച്ചു ഭരിക്കുന്നത് ബി.ജെ.പിയും കോൺഗ്രസുമല്ലേ? അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതിക്കേസിൽ
കോഴ വാങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണം മോദി സർക്കാർ വന്നശേഷം എന്തായി? വിജയ് മല്യക്ക് ഉപകാരം ചെയ്യന്നതിലും അദാനിയെ സഹായിക്കുന്നതിലു മെല്ലാം ഇരുകൂട്ടരും സഹകരിക്കുകയല്ലേ?
 
1960 ൽ ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസ്സ് ജനസംഘം പൊതു സ്ഥാനാർത്ഥിക്കുവേണ്ടി പട്ടാമ്പിയിൽ ഒരാഴ്ച തങ്ങി സഹകരിച്ച് പ്രവർത്തിച്ചത് നെഹ്റുവും മോദിയുടെ ആചാര്യനായ ദീൻ ദയാൽ ഉപാധ്യയും ഒരുമിച്ചായിരുന്നില്ലേ? 1982,84,87,91 എന്നീ തെരഞ്ഞെടുപ്പുകളിലെ കോ-ലീ-ബി മുന്നണിയെ കുറിച്ച് ബി ജെ പി നേതാക്കളായ കെ.ജി.മാരാരും രാമൻപിള്ളയും ആത്മകഥയിൽ എഴുതിയത് മോദിക്ക് ആരും പരിഭാഷപ്പെടുത്തിക്കൊടുത്തില്ലേ?
 
അറുപതു വർഷം കേരളം ഭരിച്ചവർ കേരളത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്തില്ല എന്ന് മോദി പാലക്കാട്ട്. അടുത്ത വാചകം ഇന്ത്യയിൽ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്ന്!
ആ നേട്ടം എങ്ങിനെയുണ്ടായി എന്ന് അദ്ദേഹത്തിന് അറിയാമോ? ആദ്യത്തെ ഇ എം എസ് സർക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലുമാണ് കേരളത്തെ വിദ്യാഭ്യാസത്തിൽ ഒന്നാമത് എത്തിച്ചത്. താങ്കളും താങ്കളുടെ പാർട്ടിയും ചേർന്ന് തുടർച്ചയായി ഭരിച്ചു വികസിപ്പിച്ചിട്ടും ഗുജറാത്ത് നിരക്ഷരരുടേയും വിദ്യാവിഹീനരുടേയും നാടായി തുടരുന്നത് എന്തുകൊണ്ട്?
Next Article