നാദിര്‍ഷായ്ക്ക് മുന്നില്‍ രണ്ട് വഴികള്‍ ?!

Webdunia
ചൊവ്വ, 18 ജൂലൈ 2017 (15:50 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണമുയര്‍ന്നെങ്കിലും പിന്നീട് ദിലീപ് നിരപരാധി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് ദിലീപിന്റെ അപ്രതീക്ഷിത അറസ്റ്റ്.
 
പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ദിലീപിനെപ്പോലെ തന്നെ നാദിര്‍ഷയും അന്ന് സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ നാദിര്‍ഷ ഇല്ല. തക്കതായ തെളിവുകള്‍ താരത്തിനെതിരെ ലഭിക്കാത്തതാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ നാദിര്‍ഷ കേസില്‍ മാപ്പുസാക്ഷിയായേക്കും എന്നും ദിലീപിനെ നാദിര്‍ഷ ചതിച്ചു എന്നും തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ നാദിര്‍ഷയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.
 
കേസില്‍ നാദിര്‍ഷാ മാപ്പുസാക്ഷിയായേക്കും എന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് താരം. മാപ്പു സാക്ഷി ആയില്ലെങ്കില്‍ നാദിര്‍ഷ കേസില്‍ പ്രതിയാക്കപ്പെട്ടേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളായിരിക്കും നാദിര്‍ഷയ്ക്ക് മേല്‍ ചുമത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
എന്നാല്‍ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. ചോദ്യം ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നാദിര്‍ഷ എഡിജിപി റാങ്കില്‍ ഉളള ഒരു ഉന്നത ഉദ്യോഗസ്ഥനെ കണ്ട കാര്യവും വിവാദമായിരുന്നു. നാദിര്‍ഷ ഇപ്പോഴും കൊച്ചിയില്‍ തന്നെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് തന്ത്രപരമായിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് സംബന്ധിച്ച് ഒരു സൂചനയും നേരത്തേ നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ നാദിര്‍ഷയും ഇക്കാര്യത്തില്‍ ഭയപ്പെട്ടേക്കാം. സമാനമായ രീതിയില്‍ നാദിര്‍ഷയുടെയും അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നും പാപ്പരാസികള്‍ അന്വേഷിക്കുന്നുണ്ട്.
Next Article