കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ എല്ലാ കോടതി നടപടികളും ഇനി രഹസ്യമായിരിക്കും. നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികളെല്ലാം രഹസ്യമാക്കിവെക്കണമെന്ന് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷയുടെ അടിസ്ഥനത്തിലാണ് കോടതി ഈ തീരുമാനമെടുത്തത്.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് കോടതി ഈ തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി, മാധ്യമപ്രവർത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു തുടര്‍ നടപടികൾ കൈക്കൊണ്ടത്
നടിയെ ആക്രമിച്ച കേസ് ന്യൂഡൽഹിയിലെ നിർഭയ കേസിനെക്കാൾ ഗൗരവമുള്ളതാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. കൂടാതെ നടി നല്‍കിയ രഹസ്യ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്തരുതെന്നും ഒരു കാരണവശാലും ആ മൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന വേളയില്‍ ഇനി പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങൾക്കോ മറ്റ് അഭിഭാഷകർക്കോ അവിടേക്ക് പ്രവേശനമുണ്ടാകില്ലെന്നും കോടതി അറിയിച്ചു. കഴിഞ്ഞദിവസം 'സ്കൈപ്' വഴിയുള്ളാ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണു ദിലീപിനെ കോടതിയിൽ 'ഹാജരാക്കിയത്'.