ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26 ലേക്കു മാറ്റി; എന്തിന് വീണ്ടും വന്നു എന്ന് കോടതി

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (14:33 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26 ലേക്കു മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്തിന് വീണ്ടും വന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം.
 
ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ സിനിമകളെല്ലാം അവതാളത്തിലാണെന്ന് പറഞ്ഞാണ് ദിലീപ് ഇത്തവണ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. താന്‍ ഒരിക്കലും സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 50 കോടിയുടെ പ്രൊജക്ടുകള്‍ ആണ് അവതാളത്തിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു. 
 
നേരത്തേ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്തായിരുന്നു അത്. 
 
നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ ബെഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ അത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യം ലഭിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article