കിണറിന്‍റെ ആള്‍മറയുടെ തൂണില്‍ ചാരി ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു. കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38) ആണ് കിണറ്റില്‍ വീണത്. യുവാവ് വീണ വിവരം ആരുമറിയാത്തതിനാല്‍ രണ്ട് ദിവസം കിണറ്റില്‍ കിടന്നു. ബുധനാഴ്ച രാത്രി വീണ യുവാവിനെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പുറത്തെടുത്തത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ യുവാവിന് വലിയ പരിക്കുകളില്ല.
ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രദീപ് വൈകീട്ടോടെ ആശുപത്രി വിട്ടു. രാത്രിയില്‍ തൂണില്‍ ചാരി നില്‍ക്കവെയാണ് പ്രദീപ് വീണത്. അമ്മയും പ്രദീപും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല. വെള്ളിയാഴ്ച കിണറിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുമ്പോള്‍ ശബ്ദം കേട്ട് എത്തിനോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തിയാണ് യുവാവിനെ കരക്കെത്തിച്ചത്.