കേരള പുനര്‍നിര്‍മ്മാണം എങ്ങനെ വേണം? ‘വാട്ടര്‍ ലെവല്’ അതിന് ഉത്തരമാണ് !

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (19:35 IST)
പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായ കേരളപുനര്‍നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന വാട്ടര്‍ലെവല്‍ എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക ലോഞ്ചിംഗ്  കോഴിക്കോട് വെച്ച്  എം ടി വാസുദേവൻ നായർ നിര്‍വഹിച്ചു. ഡോ. എം കെ മുനീർ സന്നിഹിതനായിരുന്നു. 
 
കാലികപ്രസക്തവും ഗൗരവതരവുമായ ദൃശ്യാന്വേഷണം പ്രളയാനന്തരകേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അനിവാര്യമായ ഒന്നാണെന്ന വിലയിരുത്തലില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിയുന്നത്. 
 
എന്തൊക്കെയാണ് പുനര്‍നിര്‍മ്മാണത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന് ഡോക്യുമെന്ററി അന്വേഷിക്കുന്നു. എത്തരത്തിലാവണം പുനര്‍നിര്‍മ്മാണം എന്നതും വെല്ലുവിളികളെ എത്തരത്തില്‍ അതിജീവിക്കണമെന്നും അതിനായി എങ്ങനെയുള്ള സമീപനവും പ്രവര്‍ത്തനപദ്ധതികളുമാണ് സ്വീകരിക്കേണ്ടതെന്നും ഡോക്യുമെന്ററി അന്വേഷിക്കും. 
 
പ്രമുഖരുടെയും വിദഗ്ധരുടെയും ഈ വിഷയത്തിലെ വിശകലനങ്ങളെ ഡോക്യുമെന്ററി കോര്‍ത്തിണക്കും. ഇംഗ്‌ളീഷില്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രളയാനന്തരനിര്‍മ്മാണത്തെ സംബന്ധിച്ച് ഏക്കാലവും പരിഗണിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. 
 
ഡോ. എം. കെ മുനീറാണ് പ്രൊജക്ടിന്റെ രക്ഷാധികാരി. ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറിൽ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിർമ്മാണം നിർവ്വഹിക്കുന്നത്.
 
ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. അരുണ്‍കുമാറാണ് രചന. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. റിസർച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈൻസ് രാജേഷ് ചാലോട്. 
 
പ്രശസ്ത സൗണ്ട് ഡിസൈനര്‍ പി എം സതീഷ് ഉള്‍പ്പെടെയുള്ളവര്‍ സാങ്കേതികമേഖലയില്‍ ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article