വിഎസ് നയിച്ചാല്‍ എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറും: കാനം

Webdunia
ശനി, 21 നവം‌ബര്‍ 2015 (11:58 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നയിക്കുമോ എന്ന സംശയം നിലനില്‍ക്കെ വിഎസ് തന്നെ നയിക്കണമെന്ന ആവശ്യവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. വിഎസിനെ മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യും. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയില്‍ നേതാക്കള്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, കാനം രാജേന്ദ്രനെ പിന്തുണച്ചു സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനും രംഗത്തെത്തി. വിഎസ് തന്നെ നയിക്കണമെന്ന തന്റെ അഭിപ്രായത്തോട് കാനം രാജേന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ട്. തന്റെ നിലപാട് വിഎസ് തന്നെ നയിക്കണമെന്നാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പാർട്ടിയുടെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.