കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം കേരളം ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പദ്ധതി ഗൗതം അദാനിക്ക് കൈമാറിക്കൊണ്ടുള്ള നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നതാകും സത്യവാങ്മൂലം.
നേരത്തെ വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാന്‍ ധാരണയായതായി അദാനി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളിയായ വില്‍ഫ്രഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ വാദം തുടരുന്നത്.
കേസ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ വരുന്നത് മുന്നില്‍കണ്ടാണ് പദ്ധതി അദാനിക്ക് കൈമാറിയതിന്‍െറ സമ്മത പത്രം കേരള സര്‍ക്കാര്‍ കൈമാറിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്ന മുഴുവന്‍ കേസുകളിലെയും തുടര്‍ നടപടികള്‍ സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പദ്ധതിക്കെതിരായ ഹരജികളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്തിമവാദം തുടങ്ങാനിരിക്കെയായിരുന്നു നിര്‍ണായക ഇടപെടല്‍.