വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തുറമുഖം തമിഴ്നാടിന് നല്‍കുമെന്ന് കേന്ദ്രം

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (17:28 IST)
വിഴിഞ്ഞം പദ്ധതിക്ക് കേരളം തയാറായില്ലെങ്കിൽ തുറമുഖ പദ്ധതി തമിഴ്നാടിന് നല്‍കുമെന്ന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുന്നറിയിപ്പ് നല്‍കി. കേരളം രാഷ്ട്രീയം കളിക്കുകയാണ്. അഭിപ്രായസമന്വയമില്ലെങ്കിൽ പദ്ധതി നടപ്പിലാക്കാനാവില്ല. കുളച്ചലിൽ തുറമുഖത്തിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ട്. പദ്ധതി നഷ്ടമായാൽ കേന്ദ്രസർക്കാരിനെ കുറ്റം പറയരുതെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

പദ്ധതി രാഷ്ട്രീയ വിവാദമാക്കി വൈകിപ്പിച്ചാൽ കേന്ദ്രസർക്കാരിനു മറ്റു വഴികൾ തേടേണ്ടിവരുമെന്നു നിതിൻ ഗഡ്കരി ഇന്നലെ സംസ്ഥാന സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണ കരാർ അദാനിയുടെ കമ്പനിക്കു നൽകുന്നതുമായി ബന്ധപ്പെട്ടു കേരളത്തിൽ രാഷ്ട്രീയ വിവാദമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഗഡ്കരിയുടെ താക്കീത്.

അതേസമയം, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു വിളിച്ച സർവകക്ഷി യോഗം തീരുമാനത്തിലെത്താതെ പിരിഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു സർക്കാരുന്നയിച്ച വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചില്ല. തങ്ങളുടെ നിലപാടുകളിൽ അയവു വരുത്താൻ പ്രതിപക്ഷം തയാറാകാതെ വന്നതോടെ യോഗം സമവായത്തിലെത്താതെ പിരിയുകയായിരുന്നു.