ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും എസ്എന്‍ഡിപി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ വച്ച് കൂടിക്കാശ്ച നടത്തി. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമായിട്ടില്ല. ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി. യോഗം ബിജെപിയുമായി സഹകരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഈ രഹസ്യ ചര്‍ച്ചയ്ക്ക് പ്രാധാന്യമേറെയാണ്.
രാഷ്ട്രീയ സഹകരണവും പുതിയ രാഷ്ട്രീയ കക്ഷി രൂപീകരണവുമൊക്കെ ചര്‍ച്ചയായെന്നാണ് വിവരം. മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. കാലത്ത് പത്ത് മണിക്കാണ് അമിത് ഷാ വള്ളിക്കാവില്‍ എത്തിയത്. 11 മണിക്കായിരുന്നു അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അതിനു മുമ്പ് ചര്‍ച്ച നടത്തുന്നതിനായാണ് ഒരുമണിക്കൂര്‍ മുമ്പേ തന്നെ വെള്ളാപ്പള്ളിയും അമിത്‌ഷായും വള്ളിക്കാവിലെത്തിയതെന്നാണ് വിവരം.
ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് മഠം അധികൃതര്‍ സൌകര്യം ചെയ്തുകൊടുത്തതാണെന്നാണ് വിവരങ്ങള്‍. രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമായി നടക്കുന്നതിനിടെ സ്വകാര്യമായി കൂടിക്കാഴ്ച നടത്തുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് വള്ളിക്കാവിലെ ആഘോഷത്തിനിടയിലെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് എല്ലാവര്‍ഷവും വെള്ളപ്പള്ളി എത്താറുണ്ട്. ഇത്തവണ അമിത്‌ഷായെ മഠം അധികൃതര്‍ ക്ഷണിച്ചതിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരങ്ങള്‍.
ബിജെപി ബാന്ധവത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗവുമായി സിപിഎം പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കൂഴിക്കാഴ്ച. കൊല്ലത്തും തൃശൂരിലും ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സില്‍ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്. ഈ സദസുകളില്‍ എസ്‌എന്‍ഡിപി കൂട്ടുകെട്ടിന് അനുകൂലമായ തരത്തിലുള്ള പ്രസ്താവനകള്‍ അമിത്ഷാ നടത്തിയേക്കുമെന്നാണ് വിവരം.