വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്പി എവി ജോർജിന് സസ്‌പെന്‍ഷന്‍. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു.
നേരത്തേ ജോര്‍ജിന്റെ വീഴ്ചകള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.
ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണ്. സംസ്ഥാന പൊലീസ് മേധാവിയുടെയും സർക്കാരിന്റെയും അനുമതിയില്ലാതെയാണ് ഈ ടീം പ്രവർത്തിച്ചിരുന്നത്. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവർത്തനം. ഈ സംഘത്തിനെ മുപ്പതിലധികം തവണ എസ്‌പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പല കേസുകളിലും ആര്‍ടിഎഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഘം തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിരുന്നുവെന്നാണ് വിവരം.