നാഗര്‍കോവില്‍ ബസപകടം: കണ്ടക്ടര്‍ ആഭരണം കവര്‍ന്നതായി റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 11 ജനുവരി 2016 (11:39 IST)
നാഗര്‍കോവിലിനടുത്ത് വള്ളിയൂരിലെ പ്ലാക്കോട്ട് പാറയില്‍ ഉണ്ടായ ബസപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും സ്വര്‍ണ്ണാഭരണങ്ങളും പണവും അപകടത്തില്‍ പെട്ട ബസിലെ കണ്ടക്ടര്‍ കവര്‍ന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്സല്‍ ട്രാവല്‍സിലെ ബസ് കണ്ടക്ടര്‍ നാഗപട്ടണം സ്വദേശി തങ്കദുരൈ അപകടം നടന്നയുടന്‍ മരിച്ചവരുടെ ആഭരണം കൈക്കലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചതായാണ് കണ്ടെത്തിയത്.

ഇയാള്‍ക്ക് നിസാരമായ പരിക്കുകളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ബസിലെ ഡ്രൈവര്‍ ജോണ്‍ ബോസ്കോ ആണെങ്കിലും മധുര കഴിഞ്ഞ് തങ്കരാജാണ് ബസ് ഓടിച്ചതെന്ന് ചില യാത്രക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇയാളെ നാഗര്‍കോവില്‍ ആശാരി പള്ളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സഹകരിച്ചില്ല.

സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചാണ് ഇയാളെ പരിശോധിച്ചതും ആഭരണങ്ങളും പണവും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയതും. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചതാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ പണക്കുടി പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പൊലീസ് തങ്കരാജിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അറിയുന്നു.