വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

Webdunia
ബുധന്‍, 15 ജൂലൈ 2015 (13:56 IST)
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. 77 വയസ്സ് ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 
ബേപ്പൂര്‍ അരീക്കാടന്‍ തറവാട്ടില്‍ കോയക്കുട്ടി മാഷിന്റെയും ഖദീജയുടെയും ഏഴു മക്കളില്‍ മൂത്തയാള്‍ ആയിരുന്നു. ഫാത്തിമാ ബീവി. ഫാത്തിമ ബീവിയെ പെണ്ണു കാണാന്‍ ചെന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവരെ ഫാബി എന്ന് വിളിച്ചതോടെ അവരുടെ പേര് ഫാബിയെന്നായി.
 
കോട്ടയം തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കൃതി നാടകമാക്കുന്നതിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു ഫാബിയെ പെണ്ണു കണ്ടത്. 1958 ഡിസംബര്‍ 18 ന് ആയിരുന്നു ഇവരുടെ വിവാഹം.
 
വിവാഹത്തിനു ശേഷമുള്ള ബഷീറിന്റെ പല കൃതികളിലും ഫാബി ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്. ബേപ്പൂരുള്ള വൈലാലില്‍ വീട്ടില്‍ ബഷീറിനെക്കുറിച്ച് അറിയാന്‍ എത്തുന്നവരെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഫാബിയുടെ മുഖം ഒരിക്കല്‍ എങ്കിലും വൈലാല്‍ വീട് സന്ദര്‍ശിച്ചിട്ടുള്ളവരുടെ വീട്ടില്‍ മായാത്ത ഓര്‍മ്മയായി എന്നുമുണ്ടാകും.


ചിത്രത്തിന് കടപ്പാട്: മാതൃഭൂമി ന്യൂസ്