കേരള വീരപ്പന്‍ എന്ന പേരില്‍ ആനവേട്ടക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന കോതമംഗലം കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസുവിന്‍റെ (54) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സൂചന. ലക്ഷണമൊത്ത കൊമ്പന്‍റെ പിന്നാലെ കൂടി ഒറ്റ വെടിക്ക് മസ്തകം തകര്‍ക്കുന്നതില്‍ അഗ്രഗണ്യനായ വാസുവിനു കാരിരുമ്പിന്‍റെ മനോധൈര്യമായിരുന്നു. അതിനാലാണ് വാസു തൂങ്ങിമരിക്കും എന്ന് കരുതാന്‍ കഴിയാതിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഡോഡാ മാര്‍ഗിലുള്ള ഒരു ഫാം ഹൌസില്‍ കൃഷിക്കാരനായി കഴിഞ്ഞ ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു വാസു. പെരുമ്പാവൂര്‍ സ്വദേശി മനോജ് എന്നയാള്‍ പാട്ടത്തിനെടുത്ത ഫാം ഹൈസിലായിരുന്നു വാസു കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പ് വാസുവിനെതിരെ തെരച്ചില്‍ നോട്ടീസ് പുറത്തിറക്കിയത് അറിഞ്ഞ മനോജ് വാസുവിനോട് കൂലി വാങ്ങി പൊയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു എന്നാണു റിപ്പോര്‍ട്ട്. ഇതിനൊപ്പം വാസു നാട്ടിലേക്കു വരാന്‍ ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും എടുത്തതായി പറയുന്നു. ടിക്കറ്റെടുത്ത ശേഷം ഫാം ഹൌസില്‍ തിരികെയെത്തി വാസു തൂങ്ങിമരിക്കുകയായിരുന്നു.
ഫാം ഹൌസിലെ കാടുപിടിച്ച ഒഴിഞ്ഞ ഭാഗത്തെ ഒരു മരത്തിലായിരുന്നു ഇയാള്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരിച്ചപ്പോള്‍ പാന്‍റ്‍സ് മാത്രമായിരുന്നു വേഷം. 'എന്‍റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ല. എല്ലാത്തിനും കാരണം ഫോറസ്റ്റാണ്' എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് സമീപത്തു നിന്ന് മഹാരാഷ്ട്രാ പൊലീസിനു ലഭിച്ചിട്ടുണ്ട്.
സംഘത്തിനൊപ്പം പാചകക്കാരനായിരുന്ന വനം വകുപ്പ് മുന്‍ വാച്ചര്‍ കുഞ്ഞുമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആനവേട്ടയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതും ഞെട്ടിപ്പിക്കുന്ന തെളിവുകളും വിവരങ്ങളും ലഭിച്ചതും. വാസുവിന്‍റെ സഹോദരി അംബിക, ഭര്‍ത്താവ് ലക്ഷ്മണന്‍, സഹായി ഷീജ, മകന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഈ വിവരം വാസു അറിഞ്ഞു കാണുമെന്നും ഒളി താവളത്തില്‍ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടതോടെ വാസു പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ആത്മഹത്യ ചെയ്തതാവാം എന്നും അധികാരികള്‍ പറയുന്നു. എന്നാല്‍ വാസു പിടിക്കപ്പെട്ടാല്‍ ഫോറസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നീളുമെന്ന് ഭയമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതാണു വാസുവിന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടാക്കുന്നത്.
പതിമൂന്നാമത്തെ വയസില്‍ തോക്കുമായി കാട്ടില്‍ കയറിയതാണു വാസു. ആനയെ വെടിവച്ചുവീഴ്ത്താന്‍ വേണ്ടിവന്നാല്‍ പത്ത് കിലോമീറ്റര്‍ വരെ വാസു പിന്തുടരും. എന്നാല്‍ ഒറ്റവെടി മാത്രമേ വയ്ക്കുകയുള്ളു. ചില സമയം വാസുവിന്‍റെ നേതൃത്വത്തിലുള്ള സംഘം 20 ദിവസങ്ങള്‍ വരെ തങ്ങി ആറ് ആനകളെ വരെ വെടിച്ചിട്ടിട്ടുണ്ട് എന്നാണു വിവരം.