ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി

ശ്രീനു എസ്
ബുധന്‍, 18 നവം‌ബര്‍ 2020 (17:50 IST)
സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്.കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. പക്ഷെ ഇപ്പോള്‍ ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധ:പതിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
ലൈഫ് പദ്ധതി ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തത് വിജിലന്‍സിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്. പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ല.മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്പനിക്ക് നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും എത്ര തുകയാണ് സിപിഎം കൈപ്പറ്റിയത്.അതുകൊണ്ട് ഈ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article