ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി ടി എന്‍ പ്രതാപന്‍ എം എല്‍ എ കെ പി സി സിക്ക് നല്കിയ കത്ത് വെറും പ്രഹസനമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ പി സി സിയെ അറിയിച്ചെങ്കിലും കയ്‌പമംഗലത്ത് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി പ്രതാപന് കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്കുന്നതിനു വേണ്ടി താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നായിരുന്നു പ്രതാപന്റെ വാദം. എന്നാല്‍, സീറ്റ് ചോദിച്ചു വാങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതാപന്റെ വാക്കുകളിലെ പൊള്ളത്തരം വ്യക്തമായിരിക്കുകയാണ്.
വെള്ളിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി കത്ത് വായിച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതാപന് കയ്‌പമംഗലം സീറ്റ് നല്കാന്‍ ധാരണയായത്. അതേസമയം, രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്നാണ് പ്രതാപന്റെ വാദം.
രണ്ടാഴ്ച മുമ്പായിരുന്നു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പ്രതാപന്‍ കെ പി സി സിക്ക് കത്തു നല്കിയത്. നാലു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയാന്‍ സുധീരന് കരുത്തായതും പ്രതാപന്റെ കത്തായിരുന്നു.