പാമൊലിന്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും. വിചാരണഘട്ടത്തില്‍ തെളിവ് ലഭിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സ്ഥിതിക്ക് കേസിന്റെ തുടര്‍ നടപടികള്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമാകും.
അന്നത്തെ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നും, ഉമ്മന്‍ചാണ്ടി ഫയലുകള്‍ കണ്ടിരുന്നതായും കോടതി നിരീക്ഷിച്ചു. പാമൊലിന്‍ കേസിലെ മൂന്ന്, നാല് പ്രതികളായ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റമുക്തരാക്കിയുള്ള വിധിയില്‍ മുഖ്യമന്ത്രിക്കെതിരെ നിരീക്ഷണം നടത്തിയതിന് പിന്നാലെയാണ് കേസില്‍ വിചാരണ തുടങ്ങുന്നത്.
അഴിമതി കേസുകളില്‍ ഉദ്യാഗസ്ഥരെ മാത്രം പഴി ചാരാന്‍ സാധിക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങളാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയാണ് പ്രതികളായിരുന്ന പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ഒഴിവാക്കിയതോടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, വകുപ്പ് സെക്രട്ടറിയായിരുന്ന പി ജെ തോമസ് എന്നിവരും പാമോലിന്‍ ഇറക്കുമതിക്കുള്ള അനുമതി ലഭിച്ച കമ്പനി പ്രതിനിധിയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഇനിയുള്ളത്.
1991-92 കാലയളവില്‍ എല്ലാ ചട്ടങ്ങളും മറികടന്ന് മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചു എന്നതായിരുന്നു കേസ്. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരുന്നു പതിനയ്യായിരം ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത്. ഇതിനെ തുടര്‍ന്നാണ് കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. ഇതിനുള്ള സാധ്യത സജീവമാക്കുന്നതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. വിചാരണ നടപടികള്‍ ആരംഭിക്കുന്നതോടെ കേസിന്റെ തുടര്‍നടപടികള്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകമാകും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ജഡ്ജ് എസ് എസ് വാസന്‍ തന്നെയാണ് ഈ കേസ് പരിഗണിക്കുന്നത്.