ഓട്ടോ റിക്ഷാ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം ഇരുകുന്നം സ്വദേശി അരവിന്ദ് (18) ഇയാളുടെ കൂട്ടാളിയായ മറ്റൊരു 17 കാരനുമാണു പേരൂര്‍ക്കട പൊലീസ് വലയിലായത്.
കരമന മുസ്ലീം പള്ളിക്കടുത്തു പാര്‍ക്ക് ചെയ്തിരുന്ന മണക്കാട് സ്വദേശിയായ രവിയുടെ ഓട്ടോ റിക്ഷയാണ് ഇവര്‍ മോഷ്ടിച്ചത്. ഓട്ടോ തകരാറിലായതിനെ തുടര്‍ന്ന് സമീപത്തെ വര്‍ക്ക് ഷോപ്പില്‍ കയറ്റാനായിട്ടായിരുന്നു കരമനയില്‍ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നത്.
എന്നാല്‍ ഇവര്‍ നെട്ടയത്ത് ഓട്ടോ കൊണ്ടുവന്നപ്പോള്‍ വീണ്ടും കേടാവുകയും ഒരാഴ്ചയോളം ഇത് അവിടെ തന്നെ പാര്‍ക്ക് ചെയ്യുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം ഇവര്‍ ഓട്ടോ എടുക്കാനായി എത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്.