എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് സമരം പൊളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യനിയമനം. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് ക്ലിഫ് ഹൗസ് സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു സമീപത്ത് താമസിക്കുന്ന സന്ധ്യയ്ക്കുള്ള ‘ഉപകാരസ്മരണ’യാണ് വഴിവിട്ട ഈ നിയമനം.
ശംഖുമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയിലാണ് നിയമനം. സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെയാണ് നിയമനം നടാത്തിയിട്ടുള്ളത്. ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടുപോലും സന്ധ്യയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിച്ചത് .
വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നുയെന്ന് അധികൃതര്‍ വാദിക്കുന്നുണ്ടെങ്കിലും അതൊന്നും പുറംലോകമറിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ പരസ്യം നല്‍കാതെയും നോട്ടീസ് പതിപ്പിക്കാതെയുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. അഭിമുഖത്തില്‍ ഒരാള്‍മാത്രമേ പങ്കെടുത്തിരുന്നുള്ളൂയെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയാണ് ഏകപക്ഷീയമായി തീരുമാനിച്ചത്.