നിശാഗന്ധി പുരസ്‌കാരം ഇളയരാജ ഏറ്റുവാങ്ങി

Webdunia
വ്യാഴം, 21 ജനുവരി 2016 (11:07 IST)
നാലാമത് നിശാഗന്ധി പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തസംഗീതോത്സവത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രശസ്തി പത്രവും ഭരതമുനിയുടെ ശില്പവും ക്യാഷ് അവാര്‍ഡും അടങ്ങിയ പുരസ്‌കാരമാണ് ഇളയരാജയ്ക്ക് സമ്മാനിച്ചത്.

ഇളയരാജയ്ക്ക് മ്യൂസിക് അക്കാദമി ആരംഭിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിത്തിലെ മേല്‍ക്കൂര നിര്‍മ്മാണം മാര്‍ച്ച് 31 നകം തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൂര്യകൃഷ്മൂര്‍ത്തിക്ക് സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് പുരസ്‌കാരവും ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.

കേരളം തനിക്ക് മാതൃഭൂമിയാണെന്നും ഈ പുരസ്‌കാരം അമ്മയില്‍ നിന്നും ഏറ്റുവാങ്ങുന്ന അനുഭൂതിയാണുള്ളതെന്നും ഇളയരാജ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തന്റെ സംഗീത അക്കാദമിയിലൂടെ ഇരുനൂറ് 'ഇളയരാജകളെ' സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി സി വിഷ്ണുനാഥ് എം എല് എ, കൗണ്‍സിലര്‍ പാളയം രാജന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ദ്ധന റാവു എന്നിവര്‍ പങ്കെടുത്തു.