കോൺഗ്രസിന്റെ മതേതരത്വത്തിൽ തകര്‍ച്ചവന്നു: എകെ ആന്റണി

Webdunia
വെള്ളി, 27 ജൂണ്‍ 2014 (11:49 IST)
കോൺഗ്രസിന്റെ മതേതരത്വത്തിൽ ജനങ്ങൾക്ക് വിശ്വാസക്കുറവ് വന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് എഐസിസി പ്രവർത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. പാര്‍ട്ടിയിലെ ഇന്നത്തെ മതേതരത്വ നിലപാടുകളും പ്രവര്‍ത്തനങ്ങളും പൂർണമായും മനസിലാക്കാനോ ഉൾക്കൊള്ളാനോ പലർക്കും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് സികെ ഗോവിന്ദൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

തുല്യനീതി എന്നത് കോൺഗ്രസിന്റെ നയമാണ് ഇത് എല്ലാവരിലും എത്തണം. ചില സമുദായങ്ങളോടും സംഘടനകളോടും പാര്‍ട്ടി പ്രത്യേക പരിഗണന കാണിക്കുന്നതായുള്ള തോന്നൽ ഇന്ന് സമൂഹത്തിലുണ്ട് ഇതു മാറണം. മതേതരത്വത്തിന് ഏറ്റവും വേരുള്ള കേരളത്തിൽ വർഗീയ,​ ഫാസിസ്റ്റ് ശക്തികൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എകെ ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. അതിന് കോർപ്പറേറ്റുകളുടെ അകമഴിഞ്ഞ സഹായമുണ്ടെന്നും. സംസ്ഥാനത്ത് മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള  വർഗീയത വളരുകയാണെന്നും എകെ ആന്റണി വ്യക്തമാക്കി.