അനാഥാലയത്തിലെ പീഡനവും പട്ടിണിയും; രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികള്‍ പിടിയില്‍

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (13:01 IST)
അനാഥാലയത്തിലെ കൊടിയ പീഡനം കാരണം രക്ഷപ്പെടാന്‍ ശ്രമിച്ച പതിനൊന്ന് കുട്ടികള്‍ നാട്ടുകാരുടെ പിടിയിലായി. ഇന്ന് രാവിലെ കൊടക്കല്‍ ബസ് സ്റോപ്പില്‍ വെച്ചാണ് നാട്ടുകാര്‍ കുട്ടികളെ കണ്ടത്. യാത്രയ്ക്കായി തയ്യാറെടുത്ത് വന്ന കുട്ടികളില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ ഒളിച്ചോടുകയാണെനന് കുട്ടികള്‍ വെളിപ്പെടുത്തിയത്.

തിരൂര്‍ ആലത്തിയൂരിലെ പറപ്പേരിയില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്ഐ ഓര്‍ഫനേജിലെ കുട്ടികളാണ് ഇവര്‍. മികച്ച സൌകര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് അനാഥാലയത്തില്‍ കൊണ്ടു വന്നതെന്നും എന്നാല്‍ സമയത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും. ഇത് കൂടാതെ ഓര്‍ഫനേജിലെ മുതിര്‍ന്ന കുട്ടികള്‍ ഉപദ്രവിക്കാറുണ്ടെന്നും കുട്ടികള്‍ വെളിപ്പെടുത്തി.

വിവരമറിഞ്ഞ് പൊലീസ്  എത്തിയെങ്കിലും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരത്തൊതെ കുട്ടികളെ വിട്ടുതരില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയത് അല്‍പനേരം തര്‍ക്കത്തിന് കാരണമായി. ഒടുവില്‍ കുട്ടികളെ തിരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.