സവര്‍ണ്ണരും അവര്‍ണ്ണരും ചേര്‍ന്ന്‌ രാജ്യം ശിഥിലമാക്കരുതെന്ന്‌ സുഗതകുമാരി

വെള്ളി, 13 നവം‌ബര്‍ 2015 (15:45 IST)
സവര്‍ണ്ണരും അവര്‍ണ്ണരും ചേര്‍ന്ന്‌ രാജ്യം ശിഥിലമാക്കരുതെന്ന്‌ എഴുത്തുകാരിയും പരിസ്‌ഥിതിപ്രവര്‍ത്തകയുമായ സുഗതകുമാരി. സവര്‍ണ്ണ അഹന്തയാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. ഇവര്‍ കാണിക്കുന്ന അവഗണനയും അക്രമവും ഒടുവില്‍ ദളിതരെ അക്രമികളാക്കും. അങ്ങനെ ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും സുഗതകുമാരി പറയുന്നു.

മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ജാഗ്രത എന്ന ലേഖനത്തിലാണ്‌ സുഗതകുമാരി ഇക്കാര്യം കുറിച്ചത്‌. ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തിയും ബീഫ്‌ കറി പ്രിന്‍സിപ്പാളിന്റെ ശരീരത്തില്‍ അഭിഷേകം ചെയ്‌തും പ്രതിഷേധിക്കുന്ന ചെറുപ്പക്കാര്‍ വര്‍ഗീയതയെക്കുറിച്ച്‌ അറിഞ്ഞിരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

പ്രകോപനം സൃഷ്‌ടിക്കാതിരിക്കല്‍ മുസ്ലീംമിന്റെ കൂടി കടമയാണ്‌. രാജ്യത്ത്‌ ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത്‌. പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്ത്‌ ഉണ്ടെന്ന്‌ മുസ്ലീം ഓര്‍ക്കണം. ഇക്കാര്യം മുസ്‌ളീം കണ്ടില്ലെന്നുവെക്കരുത്‌. അന്യമതസ്‌ഥരോട്‌ പടവെട്ടുന്നതിനു പകരം അധര്‍മങ്ങളും പാപങ്ങളും തുടച്ചുനീക്കുകയാണ്‌ വേണ്ടതെന്നും സുഗതകുമാരി പറയുന്നു.

വെബ്ദുനിയ വായിക്കുക