പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍; കടകള്‍ അടഞ്ഞു കിടക്കുന്നു

Webdunia
വെള്ളി, 10 ജൂലൈ 2015 (09:42 IST)
പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരെ വിദ്യാര്‍ഥികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.

പത്രം, പാല്‍, ആശുപത്രി, വാഹനം, തീര്‍ഥാടന പദയാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഒരിടത്തും അക്രമണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ജില്ലയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. വ്യാഴാഴ്‌ച പത്തനംതിട്ട ഡി ഇ ഒ  ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ലാത്തിച്ചാര്‍ജില്‍ ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് പി ആര്‍ പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി എന്നിവരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇതിനേത്തുടര്‍ന്നാണ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.