പത്മതീര്‍ത്ഥക്കുളം ശുചീകരണം നവംബറില്‍

Webdunia
ഞായര്‍, 12 ഒക്‌ടോബര്‍ 2014 (16:40 IST)
പത്മതീര്‍ത്ഥക്കുളത്തിന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യവാരം തുടങ്ങാന്‍ ഭരണസമിതി തീരുമാനിച്ചു. കുളത്തില്‍ 1.3 മീറ്റര്‍ കനത്തില്‍ ഏകദേശം 16,500 ക്യുബിക്‌ മീറ്റര്‍ ചെളി അടിഞ്ഞുകിടക്കുന്നതായി ശുചീകരണത്തിന്റെ മുന്നോടിയായി ശാസ്‌ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 35 ലക്ഷം ലിറ്റര്‍ വെളളമാണ്‌ ഇപ്പോള്‍ കുളത്തിലുളളത്‌. കുളത്തിന്റെ ചുറ്റുപാടുമുള്ള പൈതൃകമന്ദിരങ്ങള്‍ക്ക്‌ കേടുപാടുണ്ടാക്കാത്ത തരത്തില്‍ കുളത്തിലെ വെള്ളം സാവധാനം വറ്റിച്ചുകൊണ്ട്‌ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിന്‌ തുടക്കമിടാന്‍ ഇതിനായി ചുമതലപ്പെടുത്തിയ സാങ്കേതികസമിതി ശുപാര്‍ശ ചെയ്‌തു.

വെള്ളം വറ്റിച്ച ശേഷമേ കുളത്തിനടിയിലെ നിര്‍മ്മാണങ്ങളുടെ വിശദാശങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ തുകയുടെ വ്യക്തമായ എസ്റ്റിമേറ്റും തയാറാക്കാന്‍ സാധിക്കൂ. ഭൗമശാസ്‌ത്രപഠനകേന്ദ്രത്തിലെ (സെസ്‌) ശാസ്‌ത്രജ്ഞന്‍ ശങ്കര്‍, തുറമുഖ വകുപ്പിലെ ചീഫ്‌ ഹൈഡ്രോഗ്രാഫര്‍ സുരേന്ദ്രലാല്‍, സംസ്ഥാന ദുരന്തനിവാരണ ഏജന്‍സി മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ കുര്യാക്കോസ്‌ എന്നിവര്‍ സോണാര്‍, വെളളത്തിനടിയില്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ ഒക്‌ടോബര്‍ 9ന്‌ പത്മതീര്‍ത്ഥകുളത്തില്‍ പഠനം നടത്തിയത്‌. വിദഗ്‌ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ ഭരണസമിതി അധ്യക്ഷയും ജില്ലാ അഡീ. ജഡ്‌ജുമായ കെപി ഇന്ദിരയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സമര്‍പ്പിച്ചു.

പത്മതീര്‍ത്ഥക്കുളവും മിത്രാനന്ദപുരം കുളവും ഒന്നിച്ച്‌ ശുചീകരിച്ചാല്‍ തന്ത്രിമാരുടെയും നമ്പിമാരുടെയും ആചാരപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ മുടക്കംവരാന്‍ സാധ്യതയുളളതായി യോഗം വിലയിരുത്തി. അതിനാല്‍ പത്മതീര്‍ത്ഥക്കുളം ആദ്യം ശുചിയാക്കാനാണ്‌ തീരുമാനം. വര്‍ഷകാലത്തിനു മുന്‍പായി മുഴുവന്‍ ശുചീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനും അതിനു ശേഷം അറ്റകുറ്റപ്രവര്‍ത്തനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.

ശുചീകരണത്തിന്‌ നാല്‌ ഏജന്‍സികളാണ്‌ ഇപ്പോള്‍ താത്‌പര്യപത്രം നല്‍കിയിരിക്കുന്നത്‌. വെളളം വറ്റിച്ച്‌ ചെളി നീക്കം ചെയ്യുന്നതിന്‌ ഇവരില്‍ നിന്ന്‌ ആദ്യം ക്വൊട്ടേഷന്‍ ക്ഷണിക്കും. പൈതൃകമന്ദിരങ്ങളടക്കമുളളവയ്‌ക്ക്‌ ഭീഷണിയാവാതെ എങ്ങനെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ച്‌ വിശദമായ പഠനം നടത്താന്‍ സാങ്കേതികസമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ഇവയെല്ലാം പരിഗണിച്ചുകൊണ്ട്‌ ശുചീകരണത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ സാവധാനം വെളളം വറ്റിക്കാനാണ്‌ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.