സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായര്‍. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് പത്മകുമാറാണ്. കത്തില്‍ പറഞ്ഞിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സരിത പറഞ്ഞു.
ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ആദ്യമായിട്ടാണ് സരിത വെളിപ്പെടുത്തുന്നത്. തന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു നേരത്തെ സരിത പറഞ്ഞിരുന്നത്.
അതേസമയം, സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും സര്‍ക്കാര്‍ നീക്കി. അന്വേഷണ സംഘത്തലവൻ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. കെഎസ്ആർടിസി സിഎംഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം. ഐജി കെ പദ്മകുമാറിനെ മാർക്കറ്റ്ഫെഡ് എംഡിയായും മാറ്റി നിയമിച്ചു.
ഡിവൈഎസ്പി കെ ഹരികൃഷ്ണനെതിരെ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കും. ഹേമചന്ദ്രന്റെയും മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കാനും തീരുമാനമായി. ഡിജിപി രാജേഷ് ധവാന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘമാണ് അന്വേഷണം നടത്തുക.