വെള്ളാപ്പള്ളി 600 കോടിയുടെ അഴിമതി നടത്തി: ശ്രീനാരായണ ധര്‍മ്മവേദി

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2015 (13:18 IST)
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ 600 കോടിയുടെ അഴിമതി ആരൊപണവുമായി ശ്രീനാരായണ ധര്‍മ്മ വേദി രംഗത്ത്. എസ് എന്‍ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമങ്ങളില്‍ വന്‍ തട്ടിപ്പാണ് നടന്നത്. 600 കോടിയിലേറെ രൂപ വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ട്. ബജറ്റും വരവ് ചിലവ് കണക്കുകളും പരിശോധിച്ചാല്‍ ഇത് ശരിയാണെന്ന് വ്യക്തമാകുമെന്നും ശ്രീനാരായണ ധര്‍മ്മ വേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ പുഷ്പാംഗതന്‍ ആരോപിച്ചു.

എസ് എന്‍ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് കിട്ടിയ യുജിസി ഗ്രാന്റും കുട്ടികളില്‍ നിന്ന് പിരിക്കുന്ന പണവും ഫീസും  ഉള്‍പ്പടെയുള്ള വരുമാനത്തിലും തിരിമറി നടന്നിട്ടുണ്ട്. ട്രസ്റ്റിന്റെ 15 വര്‍ഷത്തെ ബജറ്റുകളും വരവ് ചെലവ് കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും പുഷ്പാംഗതന്‍ ആരോപിച്ചു. മൈക്രോ ഫിനാന്‍സ് ഇനത്തിലും വന്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.