മിശ്രവിവാഹം സംബന്ധിച്ച് ഇടുക്കി ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹം എസ്എൻഡിപിയോടൊപ്പമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്‍റ് പ്രവീൺ തൊഗാഡിയ.ഏതെങ്കിലും ഹിന്ദു വിഭാഗത്തെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ഹൈന്ദവ സമൂഹം ഒറ്‍റക്കെട്ടായി അതിനെ നേരിടുമെന്നും പരാമര്‍ശം പിന്‍വലിച്ച് ബിഷപ് മാപ്പുപറഞ്ഞത് നന്നായെന്നും തൊഗാഡിയ പ്രവീൺ തൊഗാഡിയ കൊച്ചിയിൽ പറഞ്ഞു.
ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗത്തിന്റെ പേരുപറഞ്ഞ് ഇടുക്കി രൂപത ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടക്കുന്ന കാർഷിക ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തവേയായിരുന്നു പരാമർശം .
പാസ്‌റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിവാദപരാമര്‍ശം നടത്തിയത്. മിശ്രവിവാഹം വിശ്വാസത്തിന് എതിരാണ്.സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ്. ലൗജിഹാദും എസ്‌എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്. മറ്റ് മതസ്‌ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും സഭാ വിശ്വാസികളായ പെണ്‍കുട്ടികള്‍ അവരോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരുകയാണ് എന്നുമായിരുന്നു പരാമര്‍ശം.
ഇതിനെതിരെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മാത്യു ആനിക്കുഴിക്കാട്ടിലിനെ വിഷം കുത്തുന്ന വര്‍ഗീയവാദിയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികളും എസ്‌എന്‍ഡിപി ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും കാഞ്ഞിരപ്പളളി ബിഷപ്പ് അനുരഞ്‌ജനത്തിനെത്തുകയും ഇടുക്കി ബിഷപ് ഖേദപ്രകടനം നടത്തുകയും ചെയ്‌തതോടെ വിവാദം അവസാനിക്കുകയായിരുന്നു.