നടന്‍ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (08:02 IST)
നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന് വാഹനാപകടത്തിൽ പരുക്കേറ്റു. കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ സിദ്ധാർഥിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംവിധായകന്‍ ഭരതന്റെയും ചലച്ചിത്രനടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ? എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. നമ്മള്‍, രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.