സ്കൂളിന് എസ്‌ഡിപി‌ഐ പച്ചയടിച്ചു, യൂത്ത് ലീഗിന് പ്രതിഷേധം!

Webdunia
വെള്ളി, 17 ഒക്‌ടോബര്‍ 2014 (15:55 IST)
എസ്‌ഡിപി‌ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായജ സ്വാധീനമുള്ള സ്കൂളിന്റെ നിറം അവരുടെ കൊടിയുടെ നിറമായതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗുകാര്‍ സ്കീളിനു മുന്നില്‍ സമരം നടത്തുന്നു. കോഴിക്കോട് കാരന്തൂര്‍ എയ്ഡഡ് സ്കൂളിലാണ് സംഭവം.

സ്കൂള്‍ കെട്ടിടത്തില്‍ പൂശിയ ഈ നിറം എസ്ഡിപിഐയുടെ കൊടിയുടേതാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. അതേസമയം, പരിസ്ഥിതി സൌഹൃദ നിറമായതിനാല്‍ കെട്ടിടത്തില്‍ പച്ച പൂശിയെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

പിടിഎയിലും സ്കൂള്‍ മാനേജ്മെന്റിലും അംഗങ്ങളായ എസ്ഡിപിഐ ഭാരവാഹികളാണ് പാര്‍ട്ടിയുടെ കൊടി സ്കൂള്‍ ഭിത്തിയില്‍ പകര്‍ത്തിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. പ്രതിഷേധം തീര്‍ക്കാന്‍ സ്ഥലത്ത് എത്തിയ എഇഒ ഇരുകൂട്ടരേയും ചര്‍ച്ചയ്ക്കു വിളിച്ചു. തിങ്കളാഴ്ച പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. കെട്ടിടത്തിന്റെ നിറം മാറ്റിയില്ലെങ്കില്‍ സ്കൂള്‍ കവാടത്തില്‍ പന്തല്‍കെട്ടി നിരാഹാരം തുടങ്ങുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേദിക്കു മുമ്പില്‍ പ്രതിഷേധത്തിനെത്തിയ യൂത്ത് ലീഗുകാരെ പൊലീസ് വലയം ചെയ്ത് പ്രതിരോധിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടം ഉദ്ഘാടനം ചെയ്ത് ഇടത് എംഎല്‍എ പി.ടി.എ. റഹീമും മറ്റു ജനപ്രതിനിധികളും മടങ്ങിയത്. ഇതേതുടര്‍ന്ന് യൂത്ത് ലീഗുകാര്‍ വഴിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.