മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ കൂടുതല്‍ കുരുക്കിലേക്ക്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വാർത്തയുടെ വിവരമുൾപ്പെട്ട കമ്പ്യൂട്ടർ പിടിച്ചെടുത്തു.
സംഭാഷണം സംപ്രേഷണം ചെയ്ത ദിവസത്തെ ചാനൽ സെർവറിലെ വിവരങ്ങളും ശേഖരിച്ചു. നിര്‍ണായക തെളിവ് ലഭിക്കുന്നതുവരെ പരിശോധന തുടരാനാണ് പൊലീസ് നീക്കം. ഞായറാഴ്ചയും തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ചാനലിന്റെ ആസ്ഥാനത്തെത്തി പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
അതേസമയം, പെണ്‍കെണി ഒരുക്കിയ സംഭവത്തിൽ ചാനൽ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രതികൾ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു.
ചാനല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു.