അമിതാഭ് ബച്ചൻ വന്നാലും കുഴപ്പമില്ല, ജയിക്കുന്നത് ഞാനായിരിക്കും; മോഹന്‍‌ലാല്‍ വന്നതില്‍ പരിഭവമില്ല- ഭീമൻ രഘു

വെള്ളി, 13 മെയ് 2016 (11:59 IST)
താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തിയതിൽ പരിഭവമില്ലെന്ന് ബിജെപി സ്ഥാനാർഥിയും നടനുമായ ഭീമൻ രഘു. അമിതാഭ് ബച്ചൻ വന്നാൽ പോലും പത്തനാപുരത്ത് ചലനമുണ്ടാക്കാൻ സാധിക്കില്ല. പത്തനാപുരത്ത് വലിയ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ അല്ല ആരുവന്നാലും പത്തനാപുരത്തെ ബിജെപി സ്ഥാനാർഥി ജയിക്കും. ഇവിടുത്തെ ജനങ്ങൾക്ക് അറിയാം എന്താണ് നടന്നതെന്നും നടന്നുകൊണ്ടിരിക്കുന്നതെന്നും. അതിനാല്‍ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്. മോഹൻലാലോ മറ്റുള്ളവരോ അല്ല ഇവിടെ വോട്ടു ചെയ്യുന്നതെന്നും രഘു വ്യക്തമാക്കി.

ഗണേഷും ജഗദീഷും ഞാനും മൽസരിക്കുന്നതിനാൽ മോഹൻലാൽ വരില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഗണേഷിനായി വന്നതിന് പിന്നിൽ എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല. കൂടുതലൊന്നും പറയാനില്ലെന്നും രഘു പറഞ്ഞു.

അതേസമയം, മോഹന്‍‌ലാലിന്റെ പ്രചാരണത്തിനെതിരെ ജഗദീഷും രംഗത്തെത്തി:-

മോഹന്‍‌ലാല്‍ വോട്ടഭ്യർഥന നടത്തിയിട്ടില്ലെങ്കിലും അവിടെ എത്തിയത് ശരിയായില്ല. പെട്ടെന്ന് തയാറാക്കിയ പരിപാടിയായിരുന്നു. അമ്മയിലെ എല്ലാ അംഗങ്ങൾക്കും അതിൽ വിഷമമുണ്ട്. ഇക്കാര്യം പലരും എന്നെ വിളിച്ച് അറിയിച്ചിരുന്നു. അദ്ദേഹം പത്തനാപുരത്തേയ്ക്കുള്ള വരവലില്‍ തനിക്ക് അതിയായ വേദനയുണ്ട്. ഗണേഷിനെ കാണുന്നതിന് മുമ്പ് തന്നെ മോഹന്‍‌ലാലുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഗണേഷിന്റെ വീട്ടില്‍ പോയി അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. ഒരിക്കലും അങ്ങനെ നടക്കുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം മോഹന്‍‌ലാലിനെ അറിയിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം എനിക്ക് വിജയം ആശംസിപ്പിക്കുകയും പിന്തുണ പറയുകയും ചെയ്‌തിരുന്നു. ആന്റണി പെരുമ്പാവൂരും എനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നീ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കും എന്നാണ് പ്രീയദര്‍ശന്‍ പറഞ്ഞത്. എന്നാല്‍ ഒരു ദിവസത്തിന്ടെ കാര്യങ്ങള്‍ വ്യത്യസ്ഥമായി തീരുകയായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക