ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്: ഈ കാരണം പറഞ്ഞ് സ്ത്രീകളെ വിലക്കാനാവില്ല; ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ലെന്നും കോടതി

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2016 (16:52 IST)
ആര്‍ത്തവം സ്ത്രീകളുടെ കഴിവുകേടല്ലെന്നും അതൊരു ശാരീരിക അവസ്ഥയാണെന്നും സുപ്രീംകോടതി. അതുകൊണ്ടു തന്നെ, ആര്‍ത്തവം എന്ന കാരണം പറഞ്ഞ് സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് വിലക്കാന്‍ കഴിയില്ലെന്നും സ്ത്രീകള്‍ക്കുള്ള ഈ വിലക്ക് പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
 
ശബരിമല ചവിട്ടുന്ന എല്ലാവരും 41 ദിവസം വ്രതമെടുത്താണ് മല ചവിട്ടുന്നതെന്ന് ഉറപ്പാക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ല. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്നും വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും ചോദിച്ചു.
 
ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണ്. ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്ല. എന്നാല്‍, ലിംഗവിവേചനമാണ് പ്രശ്നത്തെ ഗൗരവമാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദീപക് മിശ്ര, പിനാകി ചന്ദ്ര ഗോസ്, എസ് വി രമണ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
 
ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സമീപനത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.