തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ആര്‍ എസ് പി തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍.
കോണ്‍ഗ്രസിനോട് അടിമ മനോഭാവമാണ് ആര്‍ എസ് പിക്ക് ഉള്ളത്. ലോക്സഭ സീറ്റ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആര്‍ എസ് പി ഇടതുമുന്നണി വിട്ടത്. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിന്റെ നിലപാടിന് എതിരാണ് ആര്‍ എസ് പിയുടെ അണികള്‍. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് അണികള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതുമുന്നണിയെ ശിഥിലമാക്കിയത് ആര്‍ എസ് പിയാണെന്നും കോടിയേരി ആരോപിച്ചു.
ദേശീയതലത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് ആര്‍ എസ് പി. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കൂടാതെ, വര്‍ഗീയ വികാരം ഇളക്കിവിടുന്ന രാഷ്‌ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.