ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്; രമേഷ് നാരായണന്‍ ചെളി വാരി എറിയുകയാണ്- വിമല്‍

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (00:03 IST)
പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ രമേഷ് നാരായണനെതിരെ എന്ന് നിന്റെ മൊ‌യ്‌തിന്റെ സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്ത്. അംഗീകാരം കിട്ടിയശേഷം തന്നെ ചാരി രമേഷ് നാരായണന്‍ ചെളി വാരി എറിയുകയാണ്. പി ജയചന്ദ്രനെക്കൊണ്ട് ഗാനം പാടിക്കണമെന്ന് ആവശ്യപ്പെട്ടത് പൃഥ്വി ആയിരുന്നു. സിനിമയില്‍ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണെന്നും വിമല്‍ പറഞ്ഞു.

പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞദിവസമാണ് രമേഷ് നാരായണന്‍ രംഗത്തെത്തിയത്. പ്രിഥ്വിയെ പോലുള്ള നടൻമാരുടെ ഇടപടലാണ് മലയാള സിനിമയ്‌ക്കു നല്ല ഗാനങ്ങൾ ലഭിക്കാൻ തടസം. ഞാൻ സംഗീത സംവിധാനം ചെയ്ത മൂന്നു പാട്ടുകളും രാജുവിന് ഇഷ്‌ടമായില്ല. ശാരദാംബരം എന്ന ഗാനം പി ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും താരത്തിന് ഇഷ്‌ടമായില്ലെന്നും രമേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.

ഞാൻ സംഗീതം നൽകിയ ഗാനങ്ങൾക്ക് അക്കാദമിക്ക്തലം മാത്രമേ ഉള്ളുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്റെ നിർബന്ധത്തിലാണു ജയചന്ദ്രനെ ശാരദാംബരം എന്ന ഗാനത്തില്‍ നിന്ന് മാറ്റാതിരുന്നത്. മൊയ്തീനിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമയുടെ സംവിധായകനായ ആർഎസ് വിമലിനും ഈ കാര്യങ്ങളെല്ലാം അറിയാം. തനിക്കെതിരെ രാജു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത് വിമല് തന്നെയാണെന്നും രമേഷ് നാരായണൻ പറഞ്ഞിരുന്നു.

മൊയ്‌തീന്‍ സിനിമയെക്കുറിച്ച് പ്ലാന്‍ ചെയ്‌തത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ സമയത്തായിരുന്നു മൂന്ന് ഗാനങ്ങളും ചെയ്‌തത്. എന്നാല്‍ ഈ ഗാനങ്ങള്‍ക്ക് അക്കാദമിക് തലം മാത്രമെ ഉള്ളുവെന്നും സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നും രാജു ആവശ്യപ്പെട്ടു. എന്നാല്‍,  താൻ സംഗീതം നൽകിയ ഗാനങ്ങൾ ഒഴിവാക്കിയ അദ്ദേഹത്തിനുള്ള മറുപടിയാണു തനിക്കു ലഭിച്ച സംസ്ഥാന അവാർഡ്. ദൈവമുണ്ടെന്നു തെളിഞ്ഞതായും രമേഷ് നാരായണൻ പറഞ്ഞു.