പരസ്യപ്രസ്​താവനയിലൂടെ ആൾക്കാരെ ഹരംകൊള്ളിക്കാമെന്നത്​ മണ്ടത്തരം, നേതൃമാറ്റം ആവശ്യമില്ല, കത്തില്‍ പ്രചരിക്കുന്നതുപോലുള്ള കാര്യങ്ങള്‍ നിലവിലില്ല- തിരുവഞ്ചൂര്‍

ഞായര്‍, 20 ഡിസം‌ബര്‍ 2015 (16:56 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പ്രചരിക്കുന്ന കത്തിനെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കത്തില്‍ പ്രചരിക്കുന്നതുപോലുള്ള കാര്യങ്ങള്‍ നിലവിലില്ല. പരസ്യപ്രസ്താവന ആര്‍ക്കും ഗുണകരമല്ല. പരാതിയുണ്ടെങ്കില്‍ പറയേണ്ടതു പാര്‍ട്ടി വേദിയിലാണ്. ഒരു നേതാവും സ്വയംഭൂവാകുന്നതല്ല; ജനങ്ങളാണ്​ നേതാക്കളെ സൃഷ്​ടിക്കുന്നത്​. സ്​ഥാനത്ത്​ എത്തിയ ശേഷം പുച്​ഛിക്കുന്നത്​ ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

പരസ്യപ്രസ്​താവന നടത്തി ആൾക്കാരെ ഹരംകൊള്ളിക്കാമെന്നത്​ മണ്ടത്തമാണ്. സംസ്ഥാനത്ത്​ നേതൃമാറ്റം ആവശ്യമില്ല. കഴിഞ്ഞ നാലര വർഷമായി ധാരാളം നല്ല കാര്യങ്ങൾ ചെയ്​ത സർക്കാരാണ്​ കേരളത്തിലേത്. സർക്കാറി​രിന്റെ  പ്രവർത്തനങ്ങളിൽ പോരായ്‌മയുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. പതിനായിരക്കണക്കിന് പ്രവർത്തകർ ചോരയും നീരും നൽകിയാണ് കോൺഗ്രസിനെ വളർത്തിയത്. അത് ആരും മറക്കരുതെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ്​ നൽകി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല അയച്ചതായി പ്രചരിക്കുന്ന കത്ത് ഹൈക്കമാന്‍ഡിനു ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്നിക്ക് വ്യക്തമാക്കി. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക