പ്ലസ് ടു പ്രവേശനം നേരായ വഴിയില്‍ നടക്കില്ല: സുകുമാരന്‍ നായര്‍

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (14:20 IST)
സംസ്ഥാന സര്‍ക്കാര്‍ പുതിയതായി അനുവദിച്ച പ്ലസ്ടു ബാച്ചില്‍ നേരായ വഴിയില്‍ പ്രവേശനം നടക്കില്ലെന്ന പ്രസ്ഥാവനയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരം കുട്ടികളെ പ്രവേശിപ്പിക്കുവാന്‍ സാധിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബാച്ചില്‍ 40 കുട്ടികള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിബന്ധന. പ്രവേശനം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത് സാധ്യമല്ല.  അതിനാല്‍ നേരായ വഴിയില്‍ പ്രവേശനം നടക്കില്ലെന്ന് ഉറപ്പാണെന്നും അതിനാല്‍ എന്‍എസ്എസിന് അനുവദിച്ച പുതിയ പ്ലസ് ടു സ്‌കൂളുകളിലും അധിക ബാച്ചുകളിലും ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അധ്യാപകരെ ദിവസക്കൂലിക്ക് നിയമിക്കണമെന്ന വ്യവസ്ഥക്കെതിരേയും സുകുമാരന്‍ നായര്‍ രംഗത്തെത്തി. അധ്യാപക നിയമനത്തിലും അവ്യക്തതയുണ്ട്. വ്യവസ്ഥ. ഗസ്റ്റ് അധ്യാപകരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ദിവസക്കൂലിക്കാരായി അധ്യാപകരെ നിയമിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.