സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണത്തിന് അഞ്ച് കിലോ വീതം അരി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗാ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങും. ഓണത്തിന് സപ്ലൈകോ ഫെയർ തുടങ്ങും. മാവേലി സ്റ്റോറില്ലാത്ത 38 പഞ്ചായത്തുകളിൽ ഓണം മിനി ഫെയർ ഉണ്ടാകും. എ പി എൽ കാർഡ് ഉടമകൾക്ക് ഓണക്കാലത്ത് 10 കിലോ അരി വീതം നൽകും. ആദിവാസി കുടുംബങ്ങൾക്ക് പ്രത്യേക ഓണക്കിറ്റ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81 കോടിരൂപ അനുവദിക്കും. ഓണക്കാലത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വില നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഇതിനായി പ്ലാനിംഗ് ബോർഡ് അംഗങ്ങളെ നിയമിച്ചു. അതോടൊപ്പം ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 3000 കോടിരൂപ ക്ഷേമപെന്‍ഷനുവേണ്ടി നല്‍കുമെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.