രാജിവെച്ചത് ഗണേശ് കുമാര്‍ ആവശ്യപ്പെട്ടിട്ട്; ഇടവേള ബാബുവിന്റെ ശബ്ദരേഖ പുറത്ത്

Webdunia
ശനി, 28 മാര്‍ച്ച് 2015 (12:55 IST)
കെഎസ്എഫ്ഡിസിയില്‍ നിന്ന് സിനിമാക്കാര്‍ രാജിവച്ചത് മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞിട്ടാണെന്ന് ഇടവേള ബാബു സമ്മതിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ശബ്ദരേഖയില്‍ രാജ് മോഹന്‍ ഉണ്ണിത്താനല്ല ആരു വന്നാലും കെ.എസ്.എഫ്.ഡി.സിയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്നും ബാഹ്യസമ്മര്‍ദം മൂലമാണ് രാജിവെക്കുന്നതെന്നും ഇടവേള ബാബു സമ്മതിക്കുന്നുണ്ട്.
 
ശബ്ദ രേഖയില്‍ എല്ലാവരും രാജിവെക്കുമ്പോള്‍ താനും രാജിവെച്ചെപറ്റു ഇല്ലെങ്കില്‍ കരിങ്കാലിയാകും ഗണേശ് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ മാറാതിരിക്കാന്‍ ആകുമോ എന്ന്‍ ഇടവേള ബാബു ചോദിക്കുന്നു. ഇതുകൂടാതെ താന്‍ തിരികെ വരാന്‍ തയാറാണെന്നും  തന്നെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കണമെന്നും ശബ്ദരേഖയില്‍ ഇടവേള ബാബു പറയുന്നുണ്ട്.
 
നേരത്തെ തന്നെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് ഇടവേള ബാബു രാജിവെച്ചത് ബാഹ്യ സമ്മര്‍ദ്ദം മൂലമാണെന്നും ഇത് തെളിയിക്കുന്ന ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍  പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യാണ്  രാജ് മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച്  മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു.