പെരിന്തല്‍മണ്ണയില്‍ 85 ലക്ഷത്തിന്‍റെ കുഴല്‍പ്പണവേട്ട: മൂന്ന് പേര്‍ പിടിയില്‍

Webdunia
ഞായര്‍, 27 മാര്‍ച്ച് 2016 (16:56 IST)
85 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭീമനാട് സ്വദേശി നാലകത്ത് യൂനുസ് സലീം (46), കര്‍ക്കിടാംകുന്ന് സ്വദേശി കോരഞ്ചാട് മുഹമ്മദ് ഫവാസ് (20), നാട്ടുകല്‍ പൊതിയില്‍ തൊട്ടിപ്പറമ്പില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്.
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണം എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് പെരിന്തല്‍മണ്ണയില്‍ വച്ച് പണം കടത്തിക്കൊണ്ടുവന്ന കാര്‍ പിടികൂടിയത്. കാറിന്‍റെ പിന്‍സീറ്റില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു 85 ലക്ഷം രൂപ.
 
വെട്ടത്തൂര്‍, കാര്യവട്ടം എന്നീ പ്രദേശങ്ങളിലെ ഏജന്‍റുമാരെ കുറിച്ച് ഇവരില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി വര്‍ഗീസ് അറിയിച്ചു. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്താനാണു നീക്കം.